പത്തനംതിട്ട : പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ജോലി ചെയ്യുന്ന വിവരാവകാശ പ്രവർത്തക കൂടിയായ വനിതാ കണ്ടക്ടറെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർ എം വിനോദിനെ അറസ്റ്റ് ചെയ്യണമന്ന് സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ. ഫോണിൽ കൂടി വിളിച്ചാണ് വിനോദ് വിവരാവകാശ പ്രവർത്തകയെ അപമാനിച്ചത്. ഇതു സംബന്ധിച്ച് ഇവർ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലും പത്തനംതിട്ട പോലീസ് സ്റ്റേഷനിലും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കും പത്തനംതിട്ട ഡെപ്പ്യൂട്ടി പോലീസ് സൂപ്രണ്ടിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
വിവരാവകാശ പ്രവർത്തകയെ അപമാനിച്ച വിനോദിനെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവരാവകാശ പ്രവർത്തക നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും അപമാനിച്ച ആൾക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് എസ്പിക്ക് നിർദ്ദേശം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നാളിതുവരെ മലയാലപ്പുഴ പോലീസോ പത്തനംതിട്ട പോലീസോ ഇവരുടെ മൊഴിയെടുത്തിട്ടില്ലെന്നും റഷീദ് പറഞ്ഞു. വിവരാവകാശ പ്രവർത്തക ജോലിചെയ്യുന്ന കെഎസ്ആർടിസി ഓഫീസിലും ഇവരെ അപമാനിച്ച ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് തുടർന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.