പത്തനംതിട്ട: സംസ്ഥാന ഹയർ സെക്കൻ്ററി പരീക്ഷയിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കിയ പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും ആദരിക്കുന്നതിനുമായി സ്കൂൾ പി.റ്റി.എയും സ്റ്റാഫ് അംഗങ്ങളും അവരുടെ വീടുകളിൽ എത്തി ഉപഹാരം സമർപ്പിച്ചു. ഓരോ ഭവനങ്ങളിലും പ്രത്യേകം സമ്മേളനങ്ങൾ സംഘടിപ്പിച്ചാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും സന്തോഷത്തിൽ പങ്കുചേരുവാൻ കുടുംബാംഗങ്ങളോടൊപ്പം ജനപ്രതിനിധികളും സാമുദായിക രാഷ്ട്രീയ സംസ്കാരിക നേതാക്കളും അഭ്യുദയകാംക്ഷികളും ഒത്തുചേർന്നു.
വിജയികളെ അനുമോദിക്കുന്നതിൽ വേറിട്ട പാത തിരഞ്ഞെടുക്കുകയായിരുന്നു മാർത്തോമ്മാ സ്കൂൾ. ഒരു വിദ്യാർത്ഥിയുടെ വിജയം അവരുടേതും അധ്യാപകരുടേതും മാത്രമല്ല, അവരെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് നിർവ്വഹിക്കുന്ന കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെതും കൂടിയാണെന്ന് സന്ദേശം സമൂഹത്തിൽ എത്തിക്കുവാനാണ് ഈ ഗൃഹസന്ദർശന പരിപാടി ലക്ഷ്യമിടുന്നു എന്ന് പി.റ്റി.എ. പ്രസിഡൻ്റ് മാത്യു കെ. തമ്പി, സ്ക്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, അദ്ധ്യാപക കോ ഓർഡിനേറ്റർ ശാന്തി വർഗീസ്, സ്റ്റാഫ് സെക്രട്ടറി സുജ വർഗീസ് എന്നിവർ അറിയിച്ചു. മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 39 കുട്ടികളുടെ ഭവനങ്ങളിലായിരുന്നു ആദ്യഘട്ട സന്ദർശനം.