കണ്ണൂര്‍ : കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാളെ രാവിലെ പദയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. ജനുവരി 26 വരെയാണ് ആഘോഷങ്ങളുണ്ടാവുക. നാളെ ബൂത്ത് തലങ്ങളില്‍ നിന്നു പ്രവര്‍ത്തകര്‍ മണ്ഡലം ആസ്ഥാനത്തു കേന്ദ്രീകരിക്കുകയും മൂന്ന് കിലോമീറ്റര്‍ പദയാത്ര നടത്തുകയും ചെയ്യും.
പദയാത്ര തീരുന്ന സ്ഥലത്ത് പ്രവര്‍ത്തകര്‍ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കും. കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനുള്ള 137 രൂപ ചലഞ്ചിനും നാളെ തുടക്കം കുറിക്കും. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ സംഭാവന നല്‍കാം. ഓണ്‍ലൈന്‍ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കും. ദേശഭക്തിഗാനങ്ങളുടെ അവതരണം, കോണ്‍ഗ്രസ് ചരിത്ര ഡോക്യുമെന്ററി തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.