കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. കഴിഞ്ഞദിവസം ആരോഗ്യ മന്ത്രിക്കെതിരേ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ സജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുകപോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നും ദുരിത കാലത്ത് ഒപ്പം നിന്നത് മന്ത്രി കെ.കെ ശൈലജയായിരുന്നുവെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിപ്പ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും കണ്ടിട്ടില്ലെന്നും കുറിപ്പിലുണ്ട്. ഇതാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് കാരണം. നിപ്പ രാജകുമാരി, കോവിഡ് റാണി പദവികള്‍ നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണ് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. നിപ്പ കാലത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപ്പോലയൊണ് മന്ത്രി കോഴിക്കോട്ട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.