ന്യൂഡല്‍ഹി : സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ്. ഡൽഹിയിലെ ചർച്ച ഇന്നും തുടരും. എംപിമാരുമായി മുതിർന്ന നേതാക്കൾ വീണ്ടും കേരള ഹൗസിൽ വെച്ച് ചർച്ച നടത്തും. ഗ്രൂപ്പ് സമവാക്യങ്ങളും എം.പിമാരുടെ താത്പര്യങ്ങളും എതിർപ്പുകളും പരിഗണിച്ചതോടെ അന്തിമസ്ഥാനാർഥി പട്ടികയിലേക്കെത്താൻ നേതാക്കൾക്കായില്ല. സിറ്റിംഗ് എം.എൽ.എ മാരിൽ കെ.സി ജോസഫ് ഒഴികെ ഉള്ളവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന ബാക്കി 70 സീറ്റുകളിൽ യുവാക്കൾ, പുതുമുഖങ്ങൾ, വനിതകൾ എന്നിവർക്ക് പ്രാമുഖ്യം വേണമെന്നതാണ് ഹൈക്കമാൻഡ് നിർദേശം. ഇത് പാലിക്കപ്പെട്ടാൽ ഗ്രൂപ്പുകൾ മുമ്പോട്ട് വെച്ച പലർക്കും സീറ്റ് ലഭിക്കാതെയാകും.
മാനദണ്ഡങ്ങളിൽ ചിലർക്ക് മാത്രം ഇളവ് നൽകണമെന്ന നേതാക്കളുടെ ആവശ്യം ചർച്ച സങ്കീർണമാക്കുകയാണ്. ചർച്ചയിൽ ഇത് വരെ പങ്കെടുക്കാതെ മാറി നിൽക്കുന്ന കെ മുരളീധരൻ അടക്കമുള്ള എം.പിമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള ഹൗസിൽ ചായ സത്കാരം സംഘടിപ്പിച്ചിരിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിപ്പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം വിജയ സാധ്യത പരിഗണിച്ച് നൽകി മാറ്റങ്ങൾ വാരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോട് കൂടി അന്തിമ പട്ടിക എന്ന നിലയിലാണ് ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുന്നത്.