തിരുവനന്തപുരം : കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഇന്ന് വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുമ്പില്‍ സ്ക്രീനിങ് കമ്മിറ്റി ചേരും. ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തും. 92 സീറ്റിലേക്കുള്ള അന്തിമ പട്ടികക്ക് രൂപം നല്‍കാന്‍ ആണ് സംസഥാന നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക കേരളത്തില്‍ സ്ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്ന് തയാറാക്കിയിരുന്നു. ഇത് ഒന്നുകൂടി വിലയിരുത്താന്‍ ആണ് ഇന്ന് ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി ചേരുന്നത്.
അതിന് ശേഷം സംസ്ഥാന നേതാക്കളും സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ചേര്‍ന്ന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. ഇത്തവണ അറുപത് ശതമാനം വരെ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.