തിരുവനന്തപുരം: നീളുന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്തു വിട്ടേക്കും. സിറ്റിങ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയാകും പട്ടിക. സിറ്റിങ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് യോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അവസാനവട്ട പട്ടിക പുറത്തുവിടാന്‍ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ന് കെ.പി.സി.സി ഒരു യോഗം വിളിച്ചിട്ടുണ്ട്. അതില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംസ്ഥാന നേതാക്കള്‍ വിളിച്ച യോഗം ചില എം.പിമാര്‍ ബഹിഷ്‌ക്കരിച്ചേക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിക്കുന്നത് ഗ്രൂപ്പിസമാണെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. മുതിര്‍ന്ന നേതാക്കള്‍ പോലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. യുവാക്കളേയും പുതുമുഖങ്ങളേയും ചാവേറുകളാക്കുന്നു എന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാര്‍ പരാതി ഹൈക്കമാന്‍ഡിനെ അറിയിച്ചു.
കെ.സി ജോസഫിനും ബാബുവിനും സീറ്റ് ഉറപ്പായിട്ടില്ല. ജോസഫ് മാറി നില്‍ക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിക്കുന്നുണ്ട്. കെ ബാബുവിന്റെ കാര്യത്തിലും നേതാക്കള്‍ക്ക് സമവായമില്ല. എം.എം ഹസനും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും കഴിഞ്ഞ തവണത്തെ പരാജയവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുന്നതെന്നാണ് സൂചന.