തിരുവനന്തപുരം :സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് എഐസിസി സംഘത്തോട് വിശദീകരിച്ചു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാനെത്തിയ പ്രതിനിധി സംഘം കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്. ഘടക കക്ഷി നേതാക്കളുമായി സംഘം നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്ഗ്രസില്‍ നേതൃമാറ്റം പരിഗണനയിലില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സംഘടന തലത്തില്‍ തിരുത്തലുകള്‍ വേണമെന്ന് കെസി ജോസഫ് എഐസിസി സംഘത്തോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നടന്നത് ഗ്രൂപ്പ് വീതം വയ്പായിരുന്നുവെന്ന് അടൂര്‍ പ്രകാശ് എംപിയും കേന്ദ്ര സംഘത്തെ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്ക് പുറമെ കെപിസിസി വൈസ് പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍ എംപിമാര്‍ എന്നിവരില്‍ നിന്നും സംഘം വിശദാംശങ്ങള്‍ തേടും.
ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ സംഘത്തെ കണ്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റ പരാജയമാണ് തോല്‍വിക്ക് കാരണമെന്ന് ഗ്രൂപ്പ് നേതാക്കള്‍ വാദിക്കുമ്ബോള്‍ ഗ്രൂപ്പ് കളിയാണ് പാര്‍ട്ടിയെ ഈ സ്ഥിതിയിലെത്തിച്ചതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വാദം. ഗ്രൂപ്പ് പോരാണ് തോല്‍വിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കെപിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.നേതൃമാറ്റമെന്ന ആവശ്യം ഗ്രൂപ്പ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ നേതൃമാറ്റമില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
താരിഖ് അന്‍വറിനെക്കൂടാതെ എഐസിസി സെക്രട്ടറിമാരായ രണ്ടുപേരും സംഘത്തില്‍ ഉണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളുമായും സംഘം നാളെ ചര്‍ച്ച നടത്തും. ഇതിനിടെ കെ സുധാകരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട്
സംസ്ഥാനത്ത് പല ഇടങ്ങളിലും ഇന്നും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.