ലക്‌നൗ : കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രമാണ് ഭാരതരത്‌നയ്‌ക്ക് അർഹരെന്ന് ചിന്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം വിമർശിച്ചു. അവർ ചൗധരി ചരൺ സിംഗിനെ ശ്രദ്ധിച്ചില്ല. കർഷർക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കണ്ടില്ലായെന്ന് നടിച്ചു. പാർലമെന്റിൽ ചരൺ സിംഗിനെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ അതിൽ പങ്കെടുക്കാൻ പോലും കോൺഗ്രസ് അംഗങ്ങൾ വിമുഖത കാട്ടിയിരുന്നതായും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസങ്ങൾക്ക് മുമ്പ് ചൗധരി ചരൺ സിംഗിനെ സർക്കാർ ഭാരതരത്‌ന നൽകി ആദരിച്ചിരുന്നു. ഇത്രയും കാലം കോൺഗ്രസ് പാർട്ടി കരുതിയിരുന്നത് ഒരു കുടുംബത്തിന് മാത്രമേ ഭാരതരത്‌ന ലഭിക്കാൻ അർഹതയുണ്ടായിരുന്നുള്ളുവെന്നാണ്. അതാണ് ബാലാസാഹേബ് അംബേദ്ക്കറിന് പോലും ഭാരത രത്‌ന ലഭിക്കാൻ പതിറ്റാണ്ടുകൾ എടുത്തത്. കോൺഗ്രസ് ഒരുകാലത്തും പാവപ്പെട്ടവരെയും, പിന്നാക്കക്കാരെയും ദളിതരെയും കർഷകരെയും തൊഴിലാളികളെയും കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രധാനമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.