തിരുവനന്തപുരം : കെപിസിസി സമർപ്പിച്ച സെക്രട്ടറിമാരുടെ പട്ടികയിൽ മാറ്റം നിർദ്ദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 84 പേരുടെ പട്ടിക 70 ആയി ചുരുക്കണമെന്നാണ് ഹൈക്കമാൻഡ് ആവശ്യപ്പെടുന്നത്. പണം വാങ്ങി ആളുകളെ ഉൾപ്പെടുത്തി എന്ന ആക്ഷേപമടക്കം പട്ടികക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാന്റ് ഇടപെടൽ.
നാല് മാസത്തെ ചർച്ചക്ക് ശേഷമാണ് 84 സെക്രട്ടറിമാരുടെ പട്ടിക കെപിസിസി ഹൈക്കമാൻഡിന് നൽകിയത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ഉള്ളതിനാൽ ജംബോ പട്ടിക വേണ്ടെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ സ്വീകരിച്ചത്. എന്നാൽ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദം മൂലം ആളെ തിരുകിക്കയറ്റി 84 പേരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.
പട്ടിക അയച്ചതിന് പിന്നാലെ ആരോപണവുമുയർന്നു. അഴിമതിക്കാരെ വൈസ് പ്രസിഡന്റ് ശുരനാട് രാജശേഖരൻ പണം വാങ്ങി ലിസ്റ്റിലുൾപ്പെടുത്തിയെന്ന ആക്ഷേപമുന്നയിച്ച തലസ്ഥാനനഗരത്തിൽ പോസ്റ്ററുകളിറങ്ങി. പരാതി ഹൈക്കമാൻഡിന് മുന്നിലുമെത്തി. ഇതിനിടെയാണ് എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവും വന്നത്.
ഇതിനിടെ ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകിയുള്ള കെപിസിസി പ്രസിഡണ്ടിന്റെ തീരുമാനം എ-ഐ ഗ്രൂപ്പുകളുടെ എതിർപ്പിനെെ തുടർന്ന് പിൻവലിക്കേണ്ടിവന്നിരുന്നു. ചുമതല നൽകുന്നതിൽ തർക്കങ്ങൾ തുടരുന്നതിനിടെയാണ് സെക്രട്ടറിമാരുടെ പട്ടികയിൽ വെട്ടിച്ചുരുക്കൽ വേണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്.