തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നിരാശ നല്‍കി ആദ്യ ഘട്ട സര്‍വേ ഫലം. കഴിഞ്ഞ ജനുവരി 31ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി 75 മുതല്‍ 82 സീറ്റുകള്‍ വരെ നേടുമെന്നാണ് ഹൈക്കമാന്‍ഡ് നടത്തിയ മൂന്നു സര്‍വേകളുടെയും ഫലം. ഇതോടെ വെല്ലുവിളി അതിജീവിക്കാന്‍ കഠിനാധ്വാനം വേണമെന്ന് കേരളത്തിലെ നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗ്രൂപ്പുപോര് ഒഴിവാക്കി നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശം. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 23ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി നേതാക്കളെ പ്രത്യേകം കാണുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെയാകും നിലവിലെ സാഹചര്യത്തില്‍ മേല്‍ക്കൈ നേടാന്‍ ഏറ്റവും പ്രധാന വഴിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ഗ്രൂപ്പു മാനേജര്‍മാരുടെ സ്‌പോണ്‍സര്‍മാരും പെട്ടിപിടുത്തക്കാരും അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്താകും. വിജയ സാധ്യതയില്ലാത്ത സീറ്റില്‍ പോലും ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്താനാണ് സാധ്യത.
നിലവില്‍ 21 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഭരണം പിടിക്കണമെങ്കില്‍ അതു കുറഞ്ഞത് 50വരെയെങ്കിലും ആകണം. അതുകൊണ്ടുതന്നെ 100 മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. കൊല്‍ക്കത്ത, മുംബൈ, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള മൂന്ന് ഏജന്‍സികളെയാണ് സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയത്.
സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ഇവരുടെ സര്‍വേ തിങ്കളാഴ്ച മുതല്‍ തുടങ്ങിയിട്ടുണ്ട്. ഘടകകക്ഷികളുടെ ഉറപ്പായ സീറ്റില്‍ പോലും സര്‍വേ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ജനകീയ പരിവേഷമുള്ളവരുടെ പേരുകള്‍ സര്‍വേയിലൂടെ കണ്ടെത്തും.
ഇതിനു ശേഷം കെപിസിസി, എംപിമാര്‍ തുടങ്ങിയവര്‍ സമര്‍പ്പിക്കുന്ന ഓരോ മണ്ഡലത്തിലെയും മൂന്നു പേരുകള്‍ വീതമടങ്ങുന്ന പട്ടിക തയ്യാറാക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ ഉള്ളവരുടെ ജനപിന്തുണ അറിയാന്‍ പ്രത്യേക സര്‍വേയും നടത്തും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്ന് പരമാവധി ജനപ്രതിനിധികളെ നിയമസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലിംലീഗിന് അപ്രമാദിത്വമുണ്ട്. കോഴിക്കോട് ജില്ലയിലും ലീഗിന് മേല്‍ക്കൈയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ലീഗ് കഴിഞ്ഞാല്‍ ചില മണ്ഡലങ്ങളില്‍ കോഴിക്കോട്ട് ഇടതിനാണ് മേല്‍ക്കൈ. കൂടുതല്‍ സീറ്റുകള്‍ ആ ജില്ലയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലും ഏറിയാല്‍ മൂന്ന് സീറ്റ് വരെയാണ് പ്രതീക്ഷ.
കാസര്‍കോട്ട് അഞ്ച് മണ്ഡലങ്ങളുള്ളതില്‍ ലീഗിനാണ് രണ്ട് സിറ്റിംഗ് സീറ്റുകളുള്ളത്. അവശേഷിച്ചവയില്‍ ഉദുമയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും പ്രതീക്ഷ വയ്ക്കാവുന്നത്. പാലക്കാട് ജില്ലയില്‍ പരമാവധി രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ നേടാനായേക്കും.
വയനാട്ടില്‍ രണ്ടോ, ചിലപ്പോള്‍ മൂന്നും നേടാനാകും. കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ കടുകട്ടിയാണ്. നാടാര്‍ ക്രിസ്ത്യന്‍ സംവരണമേര്‍പ്പെടുത്തിയതോടെ തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ മണ്ഡലങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതും വെല്ലുവിളിയാണ്. ആകര്‍ഷണീയ മുഖങ്ങളെ പരീക്ഷിച്ചാലേ പോരാടി നേടാനാവു എന്നും സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.