കണ്ണൂർ : ഇരിക്കൂർ സീറ്റ് ഐ. ഗ്രൂപ്പിന് നൽകിയതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ. ഗ്രൂപ്പ് പ്രവർത്തകരെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നേരിട്ടെത്തി നടത്തിയ ചർച്ചയിലെ തീരുമാനം ശനിയാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. താവക്കരയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കൂറോളം അനുയായികളുമായി ഉമ്മൻചാണ്ടി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷം തലശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി.യെ കണ്ട അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കണ്ട ശേഷമായിരിക്കും പ്രഖ്യാപനം.
കെ.സി. ജോസഫ് എം.എൽ.എ., സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെട്ട എ വിഭാഗം നേതാവും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ വികാരം താൻ മനസ്സിലാക്കുന്നുവെന്ന് യോഗത്തിനുശേഷം ഉമ്മൻചാണ്ടി പറഞ്ഞു. ‘എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് ആഗ്രഹം. എങ്ങനെ പരിഹാരമുണ്ടാക്കാമെന്ന് മുതിർന്ന നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കും’- എ ഗ്രൂപ്പ് പ്രവർത്തകർ പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നായിരുന്നു മറുപടി.