മലപ്പുറം: കോൺഗ്രസ് നേതാവ് എ.പി.അനില്‍ കുമാര്‍ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍. ആര്യാടന് ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ അനില്‍കുമാര്‍ രഹസ്യനീക്കം നടത്തി. എ.പി.അനില്‍ കുമാറാണ് തനിക്ക് എതിരെയുള്ള നീക്കത്തിന് ചരട് വലിച്ചത്. അനില്‍ കുമാര്‍ ഇനി നിയമസഭ കാണില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ തോറ്റാല്‍ ആര്യാടന് ഷൗക്കത്ത് ജയിക്കണമെന്ന് പറഞ്ഞത് യുഡിഎഫിനോടുള്ള സോഫ്റ്റ് കോര്‍ണര്‍ കൊണ്ടല്ല. നിലമ്പൂരില്‍ പിണറായിസത്തിനു എതിരായ ജനവിധി ഉണ്ടാകും.
വി.ഡി.സതീശനുമായി അകല്‍ച്ചയുണ്ടായിട്ടുണ്ട്. അദ്ദേഹമെടുക്കേണ്ട നിലപാടല്ലല്ലോ എടുത്തതെന്നും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പറവൂര്‍ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ നിയമസഭ കാണിക്കില്ല എന്നാണ് ഭീഷണി. രണ്ടാമത്തേത് പുനര്‍ജനിയുമായി ബന്ധപ്പെട്ട ഭീഷണിയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ അത് എഫ്ഐആറാകും. തന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ സതീശന്റെ സ്വാര്‍ഥതയും അനില്‍ കുമാറിന്റെ അജണ്ടയുമാണെന്നും അന്‍വര്‍ ആരോപിച്ചു.