പാലക്കാട് : വാളയാര്‍ അതിര്‍ത്തിയിലൂടെ പാസില്ലാതെ എത്തിയവരെ കടത്തിവിടാനായി സമരം ചെയ്ത് വെട്ടിലായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍. ഇവരുടെ സമരത്തില്‍ പങ്കുചേര്‍ന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമരം ചെയ്ത കോണ്‍ഗ്രസ് ജനപ്രതിനിധികളായ ഷാഫി പറമ്പില്‍, രമ്യ ഹരിദാസ്, വി. കെ ശ്രീകണ്ഠന്‍, ടി. എന്‍ പ്രതാപന്‍, അനില്‍ അക്കരെ എന്നിവര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ചെന്നൈയില്‍ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്ന പള്ളിക്കല്‍ ബസാര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയും പത്തംഗ സംഘവും കേരളത്തിന്റെ പാസില്ലാതെയാണ് വാഹനത്തില്‍ അതിര്‍ത്തിയില്‍ എത്തിയത്. മെയ് 8 ന് രാത്രി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 9 ന് രാവിലെ 10 മണിക്കാണ് വാളയാറിലെത്തിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഗ്രൂപ്പ് പാസ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇവരെ പോലെ യാത്രാനുമതിയില്ലാതെ നൂറുകണക്കിന് പേര്‍ വാളയാറിലെത്തിയിരുന്നു. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ നിന്നും കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച വാളയാറില്‍ വലിയ ബഹളമുണ്ടാക്കിയത്.
ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പോലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആശങ്കയിലാണ്. വാളയാറില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് നേതാക്കളും നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഇതിനിടെ നിയമലംഘനം നടത്തിയത് ക്രെഡിറ്റായി വിളിച്ചുപറഞ്ഞ് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയും വിവാദത്തിലായിട്ടുണ്ട്. പാസില്ലാതെ എത്തിയ ഒരാളെ താന്‍ വാളയാര്‍ അതിര്‍ത്തി കടത്തിവിട്ടെന്നാണ് എംഎല്‍എയുടെ അവകാശവാദം.