മലപ്പുറം: കോണ്‍ഗ്രസ് ഓണ്‍ലൈന്‍ അംഗത്വ വിതരണത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി മലപ്പുറം ജില്ല. ഒന്നര ലക്ഷത്തോളം അംഗങ്ങളെ ചേര്‍ത്താണ് മലപ്പുറം ഒന്നാമതായത്.
വണ്ടൂര്‍ നിയോജക മണ്ഡലമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള നിയമസഭാ മണ്ഡലം.മാര്‍ച്ച് 25 ന് തുടങ്ങിയ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ അംഗത്വ വിതരണം ഇന്ന് അവസാനിക്കുമ്പോൾ മലപ്പുറം ഡി.സി.സി നേട്ടമുണ്ടാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ അംഗങ്ങളുള്ള ജില്ല എന്ന നേട്ടമാണ് മലപ്പുറം സ്വന്തമാക്കിയത്. ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ വണ്ടൂരും നിലമ്പൂരുമാണ് സംസ്ഥാനത്ത് തന്നെ കൂടുതല്‍ അംഗങ്ങളുള്ള നിയോജകമണ്ഡലങ്ങള്‍.
ഇരുപത്തി അയ്യായിരത്തിലധികം പേരാണ് വണ്ടൂരില്‍ ഓണ്‍ലൈനായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തൊട്ട് താഴെയുള്ള നിലമ്ബൂര്‍ മണ്ഡലത്തില്‍ അംഗങ്ങളുടെ എണ്ണം പതിനെട്ടായിരം കടന്നു.നാലായിരത്തില്‍ താഴെ അംഗങ്ങളുള്ള താനൂര്‍ നിയോജക മണ്ഡലമാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തില്‍ പിറകില്‍. ഏറനാട്, മഞ്ചേരി,പൊന്നാനി, വള്ളിക്കുന്ന്, കോട്ടക്കല്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, തവനൂര്‍, വേങ്ങര, കൊണ്ടോട്ടി എന്നീ നിയോജക മണ്ഡലങ്ങളില്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് ഓണ്‍ലൈന്‍ അംഗങ്ങളുടെ എണ്ണത്തില്‍ സംസ്ഥാന തലത്തില്‍ മലപ്പുറത്തിന് പിന്നില്‍ തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്തും എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.