തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കുപോയ പഞ്ചായത്തുകളിലെ കമ്മിറ്റികള്‍ പൂര്‍ണമായും അഴിച്ചുപണിയാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിനായി അടുത്ത ദിവസം മുതല്‍ എഐസിസി സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ജില്ലാ തലങ്ങളില്‍ യോഗം ചേരും. ഇന്ന് പോഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തുന്ന എഐസിസി പ്രതിനിധി സംഘം വിവിധ മതമേലധ്യക്ഷന്‍മാരേയും കാണും.
ബൂത്ത് കമ്മിറ്റികള്‍ അതാത് സ്ഥലങ്ങളിലെ പ്രധാന നേതാവിന്‍റെ സാന്നിധ്യത്തില്‍ 26 ന് പുനഃസംഘടിപ്പിക്കും. ബാക്കിയുള്ള മണ്ഡലം ബ്ലോക്ക് കമ്മിറ്റികളില്‍ എവിടെയൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാന്‍ ഓരോ ജില്ലയിലും അടുത്തദിവസം മുതല്‍ യോഗം ചേരും. എഐസിസി സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും.
ഓരോയിടത്തും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പ്രകടനം അടിസ്ഥാനമാക്കിയാണ് കമ്മിറ്റികള്‍ അഴിച്ചുപണിയുക. മൂന്നാം സ്ഥാനത്ത് വന്ന പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ കമ്മിറ്റികളും പൂര്‍ണമായും ഉടച്ചുവാര്‍ക്കാനാണ് തീരുമാനം.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലാ കമ്മിറ്റികളില്‍ വലിയൊരു അഴിച്ചുപണി വേണ്ടെന്നാണ് പൊതുനിലപാട്.
നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാന്‍ എഐസിസി പ്രതിനിധി സംഘവും നേരിട്ട് ഇറങ്ങും. സെക്രട്ടറി ഐവാന്‍ ഡിസൂസ മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തും. സഭതര്‍ക്കത്തില്‍ ഒരു വിഭാഗത്തെ പിണക്കി സിപിഎം നേട്ടം കൊയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇരുവിഭാഗത്തേയും ഒപ്പം നിര്‍ത്തി യുഡിഎഫ് മുന്നോട്ടുപോകണമെന്നും അഭിപ്രായം ഉയര്‍ന്നു.