തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വത്തിലേക്ക് എം.പിമാരെയും എം.എല്‍.എമാരെയും പരിഗണിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ അനിവാര്യരായവര് ഒഴികെ ആരെയും ഭാരവാഹികളാക്കില്ല. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകമായി നടത്തിയ കൂടിയാലോചനയിലും ഉയര്‍ന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് െപാതുധാരണ രൂപപ്പെട്ടത്.
അടിമുടി നടപ്പാക്കുന്ന അഴിച്ചുപണിയില്‍ വിവിധ തലങ്ങളിലുള്ള ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. മുഴുവന്‍ സമയവും പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കാന്‍ കഴിയുന്നവരെയായിരിക്കും പരിഗണിക്കുക. എം.പി, എം.എല്‍.എമാരെ ഭാരവാഹികളാക്കിയാല്‍ അതിന് കഴിയില്ല. മാത്രമല്ല മറ്റുള്ളവര്‍ക്ക് ലഭിക്കേണ്ട അവസരം നഷ്ടപ്പെടുകയും ചെയ്യും. കെ.പി.സി.സി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാരും ജനപ്രതിനിധികളാണെങ്കിലും അവരെ നിയമിച്ചത് ഹൈകമാന്‍ഡ് ആയതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല.
നിലവിലെ 14 ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്മാരെയും മാറ്റും. ചിലര്‍ക്ക് കെ.പി.സി.സി ഭാരവാഹിത്വം ലഭിക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കെ.പി.സി.സി നേതൃത്വമായിരിക്കും തയാറാക്കുക. ഈ പട്ടികയില്‍നിന്ന് നേതാക്കള്‍ കൂടിയാലോചിച്ച് അന്തിമ പട്ടിക തയാറാക്കും. ഭാരവാഹിത്വത്തില്‍ പത്ത് ശതമാനം വീതം സ്ത്രീകള്‍ക്കും പട്ടികവിഭാഗത്തിനും നിര്‍ബന്ധമായും മാറ്റിവെക്കും. വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെ പുതിയതായി രൂപവത്കരിക്കുന്ന അയല്‍ക്കൂട്ട സമിതികളില്‍ പാര്‍ട്ടിയോട് കൂറുള്ളവരുടെ കുടുംബങ്ങളെ മാത്രമായിരിക്കും ഉള്‍പ്പെടുത്തുക.
പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമാകുന്നവരെ അസംതൃപ്തരുടെ പട്ടികയിലേക്ക് തള്ളിവിടാതെ പാര്‍ട്ടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. അഴിച്ചുപണിക്കൊപ്പം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള പെരുമാറ്റച്ചട്ടത്തിനും രൂപംനല്‍കും. വേദികളിലെ അനാവശ്യ ഇടിച്ചുകയറ്റം ഉള്‍പ്പെടെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തും.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ചക്ക് അടുത്തയാഴ്ച ഡല്‍ഹിയിലെത്തുന്ന കെ.പി.സി.സി അധ്യക്ഷന്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടും. നിലവിലെ തെരഞ്ഞെടുപ്പ് രീതി പാര്‍ട്ടിക്കും സംഘടനകള്‍ക്കും ഗുണകരമല്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്.