കോഴിക്കോട് : കല്ലാമല ഡിവിഷനില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ആര്‍എംപിക്ക് പിന്തുണ നല്‍കാന്‍ കെ.പി.സി.സി തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരന്‍ എംപിയും തമ്മില്‍ ഇതുസംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കത്തിന് താല്‍കാലിക പരിഹാരം. മുരളീധരന്റെ വാദം തല്‍ക്കാലം അംഗീകരിച്ചെങ്കിലും കല്ലാമലയെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തല്‍ പിന്നീടെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.
കല്ലാമലയില്‍ കെ.മുരളീധന്‍ മുന്‍ക്കൈയ്യെടുത്തുണ്ടാക്കിയ ആര്‍എം.പി ധാരണ ഒടുവില്‍ അംഗീകരിക്കപ്പെട്ടു, മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശപ്രകരം കളത്തലിറങ്ങിയ കോണ്‍ഗ്രസ്സ് നേതാവ് കൈപ്പത്തി ചിഹ്നത്തില്‍ പ്രചരണ രംഗത്തുണ്ടാകില്ല, കെപിസിസി പ്രസിഡന്റിന്റെ ഡിവിഷനില്‍ അദ്ദേഹമറിയാതെ ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയാണ് മുല്ലപ്പള്ളിയും മുരളീധരനും തമ്മില്‍ അങ്കം കുറിയ്ക്കാന്‍ കാരണമായത്. ആര്‍എംപിയുമായുള്ള സൗഹൃദരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് ഘട്ടത്തിലെ വിഴുപ്പലക്കല്‍ ഒഴിവാക്കാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുരളീധരന്റെ വാദം അംഗീകരിച്ചുകൊണ്ടല്ല കല്ലാമലയിലെ പിന്‍വാങ്ങല്‍, തന്റെ വാദം തന്നെയാണ് ശരിയെന്ന് കാലം തെളിയിക്കും, പക്ഷെ അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണ്, മുരളീധരന്‍ സ്വയം നിയന്ത്രിക്കാന്‍ തയ്യാറാകണം. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സ്വന്തം ഡിവിഷനായ കല്ലാമലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യണമെന്ന ആഗ്രഹമാണ് കല്ലാമലയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.