പത്തനംതിട്ട : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സുരക്ഷിത തീർഥാടനവും സുഖദർശനവും ഉറപ്പാക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് സംസ്ഥാന സംസ്ഥാന സർക്കാരും തിരുതാംകൂർ ദേവസ്വം ബോർഡും കാണിച്ചിരിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡണ്ട് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ ആരോപിച്ചു.
പ്രഖ്യാപനങ്ങളിലും പ്രസ്താവനങ്ങളിലും മാത്രം ഒതുങ്ങിയ ഒരു തീർത്ഥാടന കാലമാണ് ആരംഭിക്കാൻ പോകുന്നത്. ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും അക്ഷന്തവ്യമായ ഈ അപരാധം പരിമിതികളുടെ തീർത്ഥാടന കാലത്തെയാണ് ഭക്തർക്ക് സംഭാവന ചെയ്യാൻ പോകുന്നത്. ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ എല്ലാം നിർമ്മാണ പ്രവർത്തനങ്ങൾ എന്ന വഴിപാട് മാത്രമാണ് നടക്കുന്നത്. കുഴിയടച്ച് മണിക്കൂറുകൾക്കകം പൂർവസ്ഥിതിയിലേക്ക് അത് എത്തുന്ന സ്ഥിതി നിലനിൽക്കുന്നു.
സംസ്ഥാന ഗവൺമെന്റും ജില്ലാ ഭരണകൂടവും ആകട്ടെ ഉദ്യോഗസ്ഥന്മാർ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം എന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ബോധപൂർവ്വം തലയൂരാനാണ് ശ്രമിക്കുന്നത്. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് സമ്പൂർണ്ണമായ ഒരു തീർത്ഥാടന കാലം ആരംഭിക്കാൻ പോകുന്നത്. ഇതിൻറെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയോ വിവിധ വകുപ്പ് മന്ത്രിമാരോ പമ്പയിലോ സന്നിധാനത്തോയെത്തി ക്രമീകരണങ്ങൾ വിലയിരുത്തുവാൻ തയ്യാറായിട്ടില്ല എന്നുള്ളത് ലജ്ജാകരമാണ്.
മുൻകാലങ്ങളിൽ ഉണ്ടായിരുന്നകീഴ് വഴക്കങ്ങളാണ് ഇതുമൂലം ലംഘിക്കപ്പെട്ടിരിക്കുന്നത്. തീർത്ഥാടനപാതകളിലെയോ പിഡബ്ല്യുഡി റോഡുകളുടെയോ സൈഡിലെ കാടുകൾ തെളിക്കുന്നതിനും തെരുവ് വിളക്കുകൾ കത്തിക്കുന്നതിനോ നടപടികൾ സ്വീകരിച്ചിട്ടില്ല. സന്നിധാനം പമ്പ നിലക്കൽ തുടങ്ങി ഇടങ്ങളിൽ ശുദ്ധജല വിതരണത്തിന് ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടില്ല. പ്രധാന ഇടത്താവളമായ നിലക്കലിലാകട്ടെ തീർത്ഥാടകർ പ്രാഥമിക സൗകര്യത്തിന് ഉൾപ്പെടെ എല്ലാത്തിനും നട്ടം തിരിയേണ്ട അവസ്ഥ നിലനിൽക്കുകയാണ്.
ശബരിമലയിലേക്കുള്ള മറ്റ് ഇടത്താവളങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇടത്താവളങ്ങളിൽ ക്ഷേത്ര ഉപദേശ സമിതികൾ മുൻകൈയെടുത്ത് സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശിക്കുന്ന ദേവസ്വം ബോർഡ് അതിനുള്ള ഫണ്ട് അനുവദിക്കാൻ തയ്യാറായിട്ടില്ല. തന്നെയുമല്ല പല ക്ഷേത്ര ഉപദേശ സമിതികളുടെയും കാലാവധികൾ പൂർത്തീകരിച്ചു എങ്കിലും പേരിന് വേണ്ടി തുടരുന്ന ഉപദേശ സമിതികളാണ് നിലനിൽക്കുന്നത്. ഭക്തജന തിരക്കില്ലാത്ത മൂന്നു തീർത്ഥാടനകാലം കഴിഞ്ഞിട്ടും വരാനിരിക്കുന്ന വലിയ തീർത്ഥാടന കാലത്തെ മുൻനിർത്തി ദീർഘവീക്ഷണത്തോടുകൂടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിൽ ദേവസ്വം ബോർഡും ഗവൺമെൻറ് പരാജയമായിരുന്നു എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ് എന്ന് സതീഷ് കൊച്ചു പറമ്പിലും വെട്ടൂർ ജ്യോതി പ്രസാദും പറഞ്ഞു.































