ദില്ലി : പെഗസിസ് ഫോൺ ചോർത്തലിൽ വിദഗ്ധ സമിതിയെ രൂപീകരിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്. ദേശീയ സുരക്ഷയുടെ പേരിൽ വിഷയത്തിൽ നിന്നും ഒളിച്ചോടാനും ശ്രദ്ധ തിരിക്കാനുമാണ് കേന്ദ്രം ശ്രമിച്ചത്. എന്നാൽ ഇതിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവെന്നും ഭീരുക്കളായ ഫാസിസ്റ്റുകളുടെ അവസാന അഭയകേന്ദ്രമാണ് കപട ദേശീയതയെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.
“ദേശീയ സുരക്ഷയുടെ പേരിൽ ഒളിച്ചോടാനും, ശ്രദ്ധ തിരിക്കാനുമുള്ള മോദി സർക്കാരിന്റെ നാണം കെട്ട ശ്രമങ്ങൾക്കിടയിലും, പെഗസിസിന്റെ ദുരുപയോഗം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. സത്യമേവ ജയതേ….” – സുർജേവാല ട്വീറ്റ് ചെയ്തു. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശന മുന്നയിച്ചത്. ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്.