കോട്ടയം: ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മന്‍ചാണ്ടി. അവസാനയാത്രയിലും ആ പതിവ് തെറ്റിയില്ല. മണിക്കൂറുകള്‍ ക്ഷമാപൂര്‍വം കാത്തുനിന്ന അണികള്‍ക്ക് പക്ഷേ ഉമ്മന്‍ചാണ്ടിയുടെ ചേതനയറ്റ ശരീരം തിരുനക്കരയിലെത്തിയപ്പോള്‍ ദുഃഖം അണപൊട്ടിയൊഴുകി. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെ അവസാനമായി തിരുനക്കര ജനനായകനെ ഏറ്റുവാങ്ങി. വികാര നിര്‍ഭരമായ നിമിഷങ്ങളാണ് പൊതുദര്‍ശനവേദിയില്‍. അനിയന്ത്രിതമായ തിരക്കാണ് തിരുനക്കര മൈതാനിയില്‍ അനുഭവപ്പെടുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സംസ്ഥാന മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
പരാതികളും വേദനകളും വിേശഷങ്ങളും പങ്കുവയ്ക്കാനായിട്ടല്ലാതെ ഒരിക്കല്‍ കൂടി ജനസഹസ്രങ്ങള്‍ ഉമ്മന്‍ചാണ്ടിക്കരികിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു വിലാപയാത്രയിലുടനീളം. ഒരു നോക്ക് കാണാനുള്ള ജനങ്ങളുടെ വെമ്പലിന് മുന്നില്‍ വിലാപയാത്ര നിന്നു. 28 മണിക്കൂറെടുത്താണ് തിരുനക്കരയില്‍ ഒടുവിലെത്തിച്ചേര്‍ന്നത്. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നരവരെ പുതുപ്പള്ളി പള്ളിയില്‍ പൊതുദര്‍ശനം. മൂന്നരയ്ക്ക് സംസ്കാരശുശ്രൂഷ ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം അറിയിച്ചു.