പത്തനംതിട്ട : റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡിന്റെ പരിപാലന കാലാവധി അറിയുവാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. അവ വ്യക്തമാക്കുന്ന കരാറുകാരന്റെ പേര് വിവരങ്ങളും, ഫോണ്‍ നമ്പരും അടങ്ങുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തും.
അട്ടക്കുളം പാലത്തിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കും. തിരുവല്ല മണ്ഡലത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പിന്റെയും എല്ലാ സഹായ സഹകരണങ്ങളും എപ്പോഴും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി ഈ പ്രവൃത്തിക്ക് 166.10 ലക്ഷം രൂപയുടെ ഭരണാനുമതിയും ഇതേ തുകയ്ക്ക് സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്. പുതിയ പാലത്തിന് ആകെ 12.50 മീറ്റര്‍ നീളവും ഇരുവശത്തും 1.5 മീറ്റര്‍ നടപ്പാതയോടും കൂടി 11 മീറ്റര്‍ വീതിയുമാണുള്ളത്.
തോടിന് കുറുകെ ഒറ്റ സ്പാനില്‍ നിര്‍മ്മിക്കുന്ന പാലത്തിന് ആര്‍സിസി സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് പൈല്‍ രൂപകല്‍പ്പനയാണ് അവലംബിച്ചിട്ടുള്ളത്. ആവശ്യമായ ഭാഗത്ത് സംരക്ഷണ ഭിത്തി നല്കി അട്ടക്കുളം ഭാഗത്ത് 150 മീറ്ററും പുന്നവേലി കരയില്‍ 200 മീറ്ററും നിലവിലുള്ള റോഡ് ഇളക്കി പുനര്‍നിര്‍മ്മിക്കും. പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി ഒന്നര വര്‍ഷമാണ്.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധി കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സി.എസ് ശാലിനി, ലിന്‍സി മോള്‍ തോമസ്, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ആലപ്പുഴ പൊതുമരാമത്ത് ദക്ഷിണ മേഖല സുപ്രണ്ടിങ് എഞ്ചിനീയര്‍ ദീപ്തി ഭാനു, പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ. എ.സിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.