പന്തളം : പൊതുമരാമത്ത് വകുപ്പ് കറ്റാനം ഡിവിഷന്റെ കീഴിൽ വരുന്ന പാലമേൽ പഞ്ചായത്തിലെ കുടശ്ശനാട് -ആതിക്കാട്ടുകുളങ്ങര റോഡിന്റെ നിർമ്മാണം പൂർത്തിയാകാൻ വൈകുന്നു. ഭരണിക്കാവ് കോമല്ലൂർതെരുവ് മുക്ക്പടനിലംകുടശനാട് വഴി ആതിക്കാട്ടുകുളങ്ങര കെ.പി റോഡിൽ എത്തിച്ചേരുന്ന റോഡ് ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാർ പത്ത് കോടി അനുവദിച്ചെങ്കിലും കുടശനാട് വരെമാത്രമേ നിർമ്മാണം നടന്നിരുന്നുള്ളു. തുടർന്ന് ശബരിമല റോഡ് വികസന പദ്ധതിയിൽ പണി പൂർത്തിയാക്കാനായി 3.90 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.
മൂന്ന് കിലോമീറ്റർ ദൈർഘ്യം വരുന്ന ബാക്കിഭാഗം പൂർത്തിയാക്കുന്നതിന് ടെൻഡർ നൽകിയെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. എം.സി റോഡിലേക്കും കെ.പി റോഡിലേക്കും മാവേലിക്കര ഭാഗങ്ങളിലേക്കും പുലിക്കുന്ന് അംബദ്കർ ഗ്രാമവാസികൾ ഉൾപ്പെടുന്ന പ്രദേശവാസികൾക്കുള്ള ഏക ഗതാഗത ആശ്രയമാണീ റോഡ്. ഇതുവഴി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തിയിട്ട് ഏറെക്കാലമായി. റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും ബസ് സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.