കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനം നടക്കുന്ന കോന്നി വലിയ പള്ളിക്ക് സമീപം വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ പുതയുന്നത് നിത്യ സംഭവം ആകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്വകാര്യ ബസിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിൽ ആണ് വീണ്ടും സർവീസ് നടത്തിയത്. ഇതിന് ശേഷം ഇതേ ദിവസം വൈകീട്ടും തടി കയറ്റി വന്ന ലോറി ചെളിയിൽ താഴ്ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.
കോന്നിയിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്ന് വാഹനങ്ങൾ കോന്നി അട്ടച്ചാക്കൽ കുമ്പഴ റോഡ് വഴി കടത്തി വിട്ടു. കോന്നി എലിയറക്കൽ മുതൽ റിപ്പബ്ലിക്കൻ സ്കൂളിന് സമീപം വരെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. കലുങ്കുകളുടെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ വാഹനങ്ങൾ ഒരു ഭാഗത്ത് കൂടി മാത്രമാണ് കടത്തി വിടുന്നത്. എന്നാൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നഗരത്തിൽ നിയോഗിച്ചിട്ടില്ല.






























