കോന്നി : അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് വിദ്യാർത്ഥികളുടെ യാത്ര ദുരിതം വർധിപ്പിക്കും. കോന്നി റീച്ചിൽ പലയിടത്തും നിർമ്മാണം വളരെ സാവധാനമാണ് നടക്കുന്നത്. പലയിടത്തും കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് ഭാഗികമായി മാത്രമാണ് തുറന്ന് നൽകിയിരിക്കുന്നത്. ഓടകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പലയിടത്തും പൂർത്തിയാകാനുണ്ട്. ഇതിനാൽ തന്നെ കോന്നി നഗരത്തിൽ അടക്കം പലപ്പോഴും രാവിലെ മുതൽ തുടങ്ങുന്ന ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിൽക്കാറുണ്ട്.
കോന്നിയിൽ പത്തിലധികം സ്കൂളുകളിലെയും പന്ത്രണ്ടോളം കോളേജുകളിലെയും വിദ്യാർഥികൾ ആണ് ഈ ഗതാഗത കുരുക്കിൽ അകപ്പെടാൻ പോകുന്നത് രാവിലെ പത്ത് മണിക്ക് മുൻപ് വിദ്യാലയങ്ങളിൽ എത്തേണ്ട വിദ്യാർഥികൾ മണിക്കൂറുകൾ വൈകി മാത്രമേ എത്തുകയുള്ളു. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. കോന്നി, കലഞ്ഞൂർ, വകയാർ, ആരുവാപ്പുലം, പ്രമാടം തുടങ്ങി പല സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കോന്നിയിലെ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.
അതിനാൽ തന്നെ കോന്നിയിൽ നിർമ്മാണം നടക്കുന്ന റോഡിലൂടെ സ്കൂൾ – കോളേജ് ബസുകൾ അടക്കം ഇവിടേക്ക് എല്ലാം യാത്ര ചെയ്ത് എത്തണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണ്ടി വരും. കൂടാതെ മഴ ശക്തമായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ പലയിടത്തും ചെളിയും വെള്ളവും നിറഞ്ഞ് യാത്ര ദുഷ്കരമായിട്ടുണ്ട്. വിദ്യാർഥികൾ മാത്രമല്ല സ്കൂൾ – കോളേജ് ജീവനക്കാരും അധ്യാപകരും അടക്കം ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.