റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു. സ്ഥലത്തിന്‍റെ ഉടമസ്ഥതാ തർക്കത്തെ തുടർന്ന് നിർത്തിവെച്ച നിർമ്മാണമാണ് പുനരാരംഭിച്ചത്. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായി 65 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം വിശ്രമ കേന്ദ്രം നിർമിക്കുന്നത്. പുനലൂർ-മൂവാറ്റുപുഴ പാതയോടു ചേർന്ന് തകര്‍ന്നുവീണ പഴയ പാലത്തിലേക്ക് പ്രവേശിച്ചിരുന്ന സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയോടെയാണ് നിർമ്മാണം. മാസങ്ങൾക്കു മുൻപു നിർമ്മാണം തുടങ്ങിയപ്പോൾ കെഎസ്ഇബി എതിര്‍പ്പുമായി എത്തിയിരുന്നു.
11 കെവി വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും ഭീഷണിയാണെന്നായിരുന്നു എതിര്‍പ്പുന്നയിച്ചതിന് കാരണം. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് തൂണുകളും ലൈനും ഒരു വശത്തേക്കു നീക്കി. ഇതിനായി നദിയുടെ തീരത്തോടു ചേർന്ന ഭാഗം 10 അടി ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ചാണ് ചെയ്തത്. പിന്നിൽ സ്വകാര്യ വസ്തുവിനോടു ചേർന്ന ഭാഗത്തും 20 അടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. പില്ലറുകൾക്കായി വാനമെടുത്തു കമ്പികൾ നാട്ടി കോൺക്രീറ്റ് ചെയ്യുന്ന പണി പൂര്‍ത്തിയായി. ശുചിമുറികൾ, വിശ്രമമുറി, ഫീഡിങ് മുറി, ടീ സ്‌റ്റാൾ, ഉദ്യാനം എന്നിവ ഇവിടെ ക്രമീകരിക്കുകയാണ് ലക്ഷ്യം. പുനലൂർ-മൂവാറ്റുപുഴ പാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര യാത്രക്കാർക്കും നാട്ടുകാർക്കും ഇതു പ്രയോജനപ്പെടും.