ആലപ്പുഴ : കടലാക്രമണം തടയുന്നതിനായി കാട്ടൂരില്‍ തീരത്ത് നിര്‍മിക്കുന്ന 34 പുലിമുട്ടുകള്‍ക്കുള്ള ടെട്രാപോഡുകളുടെ നിര്‍മാണം തുടങ്ങി. വലിയ കരിങ്കല്ലുകള്‍ക്ക് പകരം മൂന്നു ദണ്ഡുകള്‍ ഒന്നിപ്പിച്ച ആകൃതിയില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിക്കുന്ന ടെട്രോപോഡുകള്‍ കടലാക്രമണത്തെ ചെറുക്കുന്നതിനുള്ള പുതിയ സംവിധാനമാണ്. 4 കാലുകളുള്ള ടെട്രാപോഡുകള്‍ 2 ടണ്ണിന്റെയും 5 ടണ്ണിന്റെയും ഭാരത്തിലാണ് നിര്‍മിക്കുക.
കാട്ടൂര്‍ മുതല്‍ ഓമനപ്പുഴ വരെയുള്ള 3.16 കിലോമീറ്റര്‍ നീളത്തിലാണ് പുലിമുട്ടുകളും 345 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മിക്കുന്നത്. മൊത്തം 49.90 കോടി രൂപയുടെ പദ്ധതിക്ക് ഒന്നരവര്‍ഷമാണ് കരാര്‍ കാലാവധി. ഓരോ പുലിമുട്ടു തമ്മില്‍ നൂറ് മീറ്ററോളം അകലമാണുണ്ടാവുക. ചെന്നൈ ഐഐടി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത് നിശ്ചയിച്ചിരിക്കുന്നത്.
കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബിന്റെ ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് നിര്‍മിക്കുക. ഇവിടെ 2 ടണ്ണിന്റേത് 23000 എണ്ണവും 5 ടണ്ണിന്റേത് നാലായിരവുമാണ് സ്ഥാപിക്കുന്നത്. ഓമനപ്പുഴയ്ക്ക് തെക്ക് തീരദേശ റോഡരികില്‍ 2 ഏക്കര്‍ സ്ഥലവും കരാര്‍ കമ്പനി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇവിടെയാണ് നിര്‍മാണം.