പത്തനംതിട്ട : പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റാന്നി ടൗണ്‍ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം റാന്നി ടൗണില്‍ ഉണ്ടായിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത കെ.എസ്.ടി.പി അധികൃതരുടേയും കണ്‍സള്‍ട്ടന്‍സിയുടേയും കരാര്‍ കമ്പനിയായ ഇ.കെ.കെ അധികൃതരുടേയും യോഗത്തിലാണു തീരുമാനം.
റാന്നി പഞ്ചായത്തിലെ വൈക്കം സ്‌കൂള്‍ പടി മുതല്‍ ചെത്തോംകര വരെയാണ് ടൗണ്‍ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഴ തടസമായതിനാല്‍ ഈ ഭാഗത്തെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. ഇതുകാരണം യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നു. ശബരിമല സീസണ്‍ കണക്കിലെടുത്ത് നവംബര്‍ 25 ഓടെ റോഡ് ബാക്കി ഭാഗത്തെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാനും തീരുമാനമായി.
സംസ്ഥാന പാതയുടെ പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗമാണ് 800 കോടിയോളം രൂപ ചിലവഴിച്ച് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. പുനലൂര്‍ – കോന്നി, കോന്നി – പ്ലാച്ചേരി, പ്ലാച്ചേരി – പൊന്‍കുന്നം എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണു നിര്‍മ്മാണം നടക്കുന്നത്. ഇതില്‍ കോന്നി – പ്ലാച്ചേരി ഭാഗമാണ് റാന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 280 കോടി രൂപയാണ് ഇതിനായി ചില വഴിക്കുന്നത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ പരാതികളും യോഗത്തില്‍ ചര്‍ച്ചചെയ്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.