പത്തനംതിട്ട : കൊറിയര്‍ വഴി അയച്ച ടിവി പൊട്ടിയതിനാല്‍ കൊറിയര്‍ സര്‍വീസായ ഡി.റ്റി.ഡി.സി നാല്‍പ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തിരുവല്ല കാവുംഭാഗം മാനസ സരസ്സില്‍ ടി.എസ് വിജയകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി വന്നത്.
2017 ഒക്ടോബറില്‍ ഹര്‍ജിക്കാരന്‍ ബാംഗ്‌ളുരുവിലുള്ള തന്റെ മകളുടെ ഭര്‍ത്താവിന്റെ വിലാസത്തില്‍ അയച്ച 40 ഇഞ്ച് എല്‍.ഇ.ഡി ടിവിയാണ് കൊറിയര്‍ സ്ഥാപനത്തിന്റെ നിരുത്തരവാദിത്വം കൊണ്ട് നശിച്ചത്. ടിവി കൊറിയര്‍ ചെയ്യുന്നതിനായി ഡിറ്റിഡിസി ആവശ്യപ്പെട്ട പാര്‍സല്‍ ചിലവായ 5350രൂപയും ടിവി ഇന്‍ഷ്വര്‍ ചെയ്യുന്നതിലേയ്ക്ക് 500രൂപയും ചേര്‍ത്ത് തിരുവല്ല ഡിറ്റിഡിസിയില്‍ അടച്ച് രസീത് കൈപ്പറ്റിയിരുന്നു. എന്നാല്‍ ബാംഗ്‌ളൂരിലെ വിലാസത്തില്‍ ടിവിഎത്തിയപ്പോള്‍ തകര്‍ന്ന് തരിപ്പണമായ നിലയിലായിരുന്നു. ഇത് സ്ഥാപനത്തെ അറിയിച്ചെങ്കിലും ഇന്‍ഷ്വര്‍ തുക പോലും നന്‍കാന്‍ തയ്യാറായില്ല.
ഈ കാരണങ്ങള്‍ കാട്ടി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇരുകൂട്ടരുടേയും വാദങ്ങള്‍ കേട്ട ഫോറം, ഇന്‍ഷ്വര്‍ തുക 25000വും കോടതി ചിലവായി 5000രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചേര്‍ത്ത് 40000രൂപ ഹര്‍ജിക്കാരന് നല്‍കാന്‍ വിധിക്കുകയായിരുന്നു. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചുച്ചിറ, അംഗങ്ങളായ എന്‍ ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.