പത്തനംതിട്ട: ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി കോട്ടയം ബ്രാഞ്ച് മാനേജർ
9,65,000 രൂപാ നൽകാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ പ്ലാവേലിനിരവ്
പുതിയത്തു ബിബിൻ പുതിയത് കമ്മീഷനിൽ ഫയൽ ചെയ്‌ത ഹർജിയിലാണ് വിധി. 2021 ൽ ഹർജിക്കാരൻ്റെ മാരുതി എർട്ടിക കാർ അപകടത്തിൽപ്പെടുകയും കാഞ്ഞിരപ്പള്ളി എ.വി.ജി വർക്ക്ഷോപ്പിൽ പണിയുന്നതിനുവേണ്ടി ഏൽപ്പിക്കുകയും ചെയ്തു. ന്യൂ ഇൻഡ്യാ ഇൻഷ്വറൻസ് പോളിസി ഉള്ള വാഹനത്തിൻ്റെ ഐ.ഡി.വി 6,29,300 രൂപയാണ്. കൂടാതെ ഈ പോളിസിയിൽ തന്നെ ആഡ് ഓണ്‍ കവര്‍ കൂടി ചേർത്തിട്ടുണ്ട്. വാഹനം വാങ്ങിയപ്പോൾ ഇൻവോയിസിൽ എത്ര രൂപയാണോ അടച്ചിട്ടുളളത് അത്രയും തുക തന്നെ അപകടം ഉണ്ടായാൽ ലഭിക്കുന്നതിനുവേണ്ടിയാണ് ആഡ് ഓണ്‍ കവര്‍ കൂടി പോളിസിയോടൊപ്പം ചേർത്തത്. എ.വി.ജി കമ്പനി ആദ്യം എസ്റ്റിമേറ്റ് എടുത്തപ്പോൾ 4,85,000 രൂപയായിരുന്നു നഷ്ടം.
ഐ.ഡി.വിയുടെ 75% ൽ കൂടുതലാണ് നഷ്ടമെങ്കിൽ ടോട്ടല്‍ ലോസ് ആയി കണക്കായി ഇൻഷ്യുറൻസിൻ്റെ മുഴുവൻ തുകയും കൊടുക്കണമെന്നാണ് പോളിസി വ്യവസ്ഥ. ടോട്ടല്‍ ലോസിന്‍റെ നഷ്‌ടപരിഹാരം കൊടുക്കാതെ അപകടത്തിൽപ്പെട്ട വാഹനം പണിതു കൊടുക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചത്. ഈ അന്യായമായ ഇടപെടലിനെതിരെയാണ് ഹർജിക്കാരൻ കമ്മീഷനിൽ കേസ് ഫയൽ ചെയ്തത്. അന്യായം ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരു കക്ഷികൾക്കും നോട്ടീസ് അയക്കുകയും ഇരുകക്ഷികളും കമ്മീഷനിൽ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. കോടതി നിശ്ചയിച്ച കമ്മീഷൻ ആവശ്യമായ തെളിവെടുപ്പു നടത്തുകയും ആവശ്യമായ രേഖകൾ ഹാജരാക്കുകയും ചെയ്തു. രേഖകളും സാക്ഷി മൊഴികളും പരിശോധിച്ച കമ്മീഷൻ ഇൻഷ്വുറൻസ് കമ്പനിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്.
വാഹനത്തിനു വേണ്ടി വാങ്ങിയ പല സാധനങ്ങളുടേയും ബില്ലുകൾ ടോട്ടൽ ബില്ലിന്റെ കൂടെ ചേർത്തിട്ടില്ലെന്നും പല സാധനങ്ങളും ബില്ലുകൾ വരാതിരിക്കുന്നതിനു വേണ്ടി മാറിയിട്ടില്ലായെന്നും കോടതി നിശ്ചയിച്ച കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷനു ബോദ്ധ്യപ്പെടുത്തുകയുണ്ടായി. ടോട്ടല്‍ ലോസ് 75% ൽ അധികം വരാതിരിക്കുന്നതിനു വേണ്ടി മനഃപൂർവ്വം ഇൻഷ്വുറൻസ് കമ്പനി വാഹനത്തിൻ്റെ പണി ഇതുവരെയും തീർത്തിട്ടില്ല. ഇപ്പോഴും വാഹനം എ.വി.ജി വര്‍ക്ക് ഷോപ്പിൽ തന്നെയാണ്. വാഹനത്തിൻ്റെ വിലയും നഷ്ടപരിഹാരവും കോടതി ചിലവും ചേർത്ത് 9,65,000 രൂപ ന്യൂ ഇൻഡ്യ ഇൻഷ്വുറൻസ് കമ്പനി ഹർജിക്കാരനു നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നു വിധിച്ചത്.