റാന്നി : യാത്രക്കൂലി വർധനവുണ്ടായതിനു പിന്നാലെ റാന്നി പഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോൺ ആക്കിയതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. പല സ്വകാര്യ- കെഎസ്ആർടിസി ബസുകളും സർവീസുകളും നിർത്തി. റാന്നിയിൽ കോവിഡ് സ്ഥിരീകരിക്കും മുമ്പ് 130 സ്വകാര്യ ബസുകൾ ഇട്ടിയപ്പാറ സ്റ്റാൻഡിൽ എത്തിയിരുന്നു. ലോക്ഡൗണിനിടെ സർവീസുകൾ പുനരാരംഭിച്ചപ്പോൾ മുപ്പത് ബസുകൾ വരെ ഓടിയിരുന്നു. എന്നാൽ അതിപ്പോൾ ഇരുപത്തിയേഴായി കുറഞ്ഞു.
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം റാന്നി പഞ്ചായത്തിലെ പെരുമ്പുഴ ടൗണിനോടു ചേർന്ന 2 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണാക്കി മാറ്റിയിരുന്നു. ഇതോടെ പെരുമ്പുഴ വഴി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറഞ്ഞു. വടശേരിക്കര, കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ എണ്ണത്തിലാണ് കുറവ്. ഡോക്ടർക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് ഇപ്പോഴും വ്യക്തമല്ല.
ഓടുന്ന ബസുകളിൽ യാത്രക്കാർ തീരെയില്ല. മിക്ക ബസ്സുടമകളും ജീവനക്കാർക്കു വേണ്ടിയാണ് സർവീസുകൾ നടത്തുന്നത്. ഡീസൽ അടിച്ചു കഴിയുമ്പോൾ ബാക്കി വരുന്ന തുകയിൽ 500 രൂപ വീതമാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വേതനം. മിക്കപ്പോഴും 500 രൂപ കിട്ടാറില്ലെന്ന് ജീവനക്കാർ പറയുന്നു. ഉടമകൾക്ക് വരുമാനം ഇല്ല.
അതേസമയം കെഎസ്ആർടിസിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. റാന്നി ബസ് സ്റ്റേഷനിൽ 12 ഷെഡ്യൂളുകൾ ഉണ്ട്. അവയിൽ 6 എണ്ണം വരെ ഓടിയിരുന്നു. ഇപ്പോൾ വെച്ചൂച്ചിറയ്ക്കും കോട്ടയത്തിനും 2 വീതം സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇതും വന്‍ നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്.