കോന്നി : തുടര്‍ച്ചയായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും കോന്നിയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ദിവസങ്ങളായി തുടരുന്ന മഴ മൂലം അച്ഛന്‍കോവിലാറും കല്ലാറും കരകവിഞ്ഞൊഴുകുകയാണ്. ചെറിയൊരു മഴ പെയ്താല്‍ പോലും കോന്നിയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നതും പതിവാകുകയാണ്. ന്യൂന മര്‍ദത്തിന്റെ ഭാഗമായി നൂറ് സെന്റീമീറ്ററിലധികം മഴയാണ് ജില്ലയില്‍ പെയ്തത്. സാധാരണ വേനല്‍ മഴയും തുലാമഴയും പെയ്തൊഴിഞ്ഞാലും ഈ സമയം ഇത്രയും മഴ ലഭിക്കാറില്ല.
മലയോര മേഖലയില്‍ മണ്ണിടിച്ചിലും തുടരുകയാണ്. മഴ തുടങ്ങിയ നാള്‍ മുതല്‍ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. അച്ഛന്‍കോവിലാറും കല്ലാറും കര കവിഞ്ഞതോടെ തീരങ്ങളില്‍ കഴിയുന്നവരും ഭയത്തിലാണ്. കഴിഞ്ഞ ദിവസം കൊക്കാത്തോട്, തണ്ണിത്തോട് തുടങ്ങിയ പഞ്ചായത്തുകളില്‍ വലിയ മഴക്കെടുതികളാണുണ്ടായത്. കനത്ത മഴയില്‍ വെള്ളം പൊങ്ങുന്നതിനെ തുടര്‍ന്ന് കോന്നിയില്‍ വിവിധ സ്ഥലങ്ങളില്‍ കോഴിയും താറാവും അടക്കം വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതും വ്യാപകമാണ്. നിരവധി വീടുകളിലും വെള്ളം കയറുന്നുണ്ട്. കൊക്കാത്തോട്ടില്‍ തന്നെ നാല് തവണ വെള്ളം കയറി. ശക്തമായി തുടരുന്ന മഴയില്‍ വിവിധ പ്രദേശങ്ങളില്‍ കൃഷി നാശവും വ്യാപകമാണ്.
മലയോര മേഖലയിലെ മഴവെള്ളപ്പാച്ചിലില്‍ മണ്ഡലത്തിലെ വിവിധ റോഡുകള്‍ ഭാഗീകമായും പൂര്‍ണ്ണമായും തകരുകയും പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പൂനലൂര്‍ മൂവാറ്റുപുഴ പാതയും വെള്ളം നിറയുന്നത് പതിവാകുകയാണ്. അച്ഛന്‍കോവിലാറ്റില്‍ ബണ്ടുകളില്‍ അടിഞ്ഞുകൂടുന്ന മണല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍പ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ള പൊന്തനാംകുഴിമുരുപ്പ്, മേലേ പൂച്ചക്കുളം എന്നിവടങ്ങളിലെ ജനങ്ങള്‍ക്കും ഭയാശങ്കകള്‍ക്ക് കുറവില്ല. മഴ ഇനിയും ശക്തമായാല്‍ കോന്നിയിലെ മഴകെടുതികള്‍ ഇനിയും തുടരുന്നതിനും സാധ്യത ഏറെയാണ്.