മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ കെ.എസ്.ഇ.ബിയുടെ കരാര്‍ ജോലികള്‍ ചെയ്ത വകയില്‍ കിട്ടാനുള്ള തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ഭീഷണിയുമായി കരാറുകാരന് മണ്ണാര്‍ക്കാട് എക്സിക്യൂട്ടിവ് എന്‍ജിനിയറുടെ ഓഫിസില്‍. അട്ടപ്പാടി സ്വദേശി സുരേഷ് ബാബുവാണ് പ്രതിഷേധവുമായി എത്തിയത്. ഒന്നര വര്‍ഷമായി വിവിധ കരാര്‍ ജോലികള്‍ തീര്‍ത്ത ഇനത്തില്‍ ഒരു കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സുരേഷ് ബാബു പറയുന്നത്.
തുക ലഭിക്കാനായി പലതവണ ഓഫിസില്‍ കയറിയിറങ്ങിയിട്ടും ബില്ല് പാസ്സാക്കുന്നില്ലെന്നാണ് പരാതി. രാവിലെ പരാതിയുമായി മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ബാബു ഇതിനുശേഷം നേരെ കെ.എസ്.ഇ.ബി ഓഫിസിലെത്തി. ബില്ലുകള്‍ അനുവദിക്കാത്തത് മൂലം തന്റെ സ്വത്തുക്കള്‍ ജപ്തി ഭീഷണിയിലാണെന്നും പരിഹാരമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും സുരേഷ്കുമാര്‍ ഭീഷണി മുഴക്കി. കൈയില്‍ കയറുമായി ഓഫിസിനു മുന്നില്‍ ഇരിക്കുകയും ചെയ്തു. കയര്‍ കഴുത്തില്‍ കെട്ടാനുള്ള ശ്രമം ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് തടയുകയും അനുനയിപ്പിക്കുകയും ചെയ്തു.
ഒരു മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസെത്തി സുരേഷ് ബാബുവിനെ കൊണ്ട് പോയി. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ഡിവിഷനില്‍ ഇദ്ദേഹത്തിന്റേതായി 20 ലക്ഷത്തോളം രൂപയുടെ ബില്ലുകളേ എത്തിയിട്ടുള്ളൂ. ഈ ബില്ലുകള്‍ മാര്‍ച്ച് 20നാണ് ഓഫിസില്‍ ലഭിച്ചത്. ഇതില്‍ നാലു ലക്ഷം രൂപയുടെ ബില്‍ അനുവദിച്ചു. ബാക്കിയുള്ളവയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മണ്ണാര്‍ക്കാട് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ പറഞ്ഞു.