ഇടുക്കി : കോടികള്‍ കോഴ വാങ്ങിയാണ് ഇടുക്കി രാജാപ്പാറയിലെ പാറമടക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് ആരോപണം. കെപിസിസി നിര്‍വാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രഷറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടി നടത്തിയത് വിവാദമായിരുന്നു.
തണ്ണിക്കോട്ട് ഗ്രൂപ്പ് എന്ന സ്വകാര്യ സ്ഥാപനമാണ് ഇടുക്കി ഉടുമ്പന്‍ചോലക്ക് സമീപത്തെ പാറമട വാടകക്കെടുത്തിരിക്കുന്നത്. നേരത്തെ അളവില്‍ കൂടുതല്‍ പാറപൊട്ടിച്ചതിനാല്‍ വന്‍ തുക പിഴ ചുമത്തി റവന്യു വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമടയാണ് ഇത്. ഇവിടെ പുതിയ ക്രഷറിന് അനുമതി നല്‍കാന്‍ ഉടുമ്പന്‍ചോല പഞ്ചായത്തും സര്‍ക്കാര്‍ സംവിധാനങ്ങളും വന്‍തുക കോഴ വാങ്ങിയെന്നാണ് ആരോപണം.
ക്രഷറിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തണ്ണിക്കോട്ട് ഗ്രൂപ്പ് ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു. ക്രഷറിന്റെ ഉദ്ഘാടന ദിവസം കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയതും മദ്യം വിളമ്പിയതും അധികൃതരുടെ മൗനാനുവാദത്തോടെ ആണെന്നും ഇതിന് കൂട്ടുനിന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 47 പേരുടെ പേരുവിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പ സ്വാമി പറഞ്ഞു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെ എപിഡെമിക് അക്ട് പ്രകാരം പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.