കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹ വിഷയത്തിൽ വിശദീകരണ യോഗവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്ത്. വൈകിട്ടാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാറും കോടഞ്ചേരിയിലെത്തും. വീട്ടുകാരുമായി സംസാരിച്ച ശേഷമായിരിക്കും ഇരു പാർട്ടികളും തുടർ നടപടികൾ ആലോചിക്കുക. വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐ എം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം തോമസിന് പാര്‍ട്ടി നല്‍കിയത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സിപിഐ എമ്മെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു. സിപിഐ എം ഇന്നലെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണയോഗം നടത്തിയിരുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സിപിഐ എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മാതാപിതാക്കൾ.
പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സിപിഐ എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെയും കൂട്ടി സ്ഥലം വിടുന്നതിന് മുൻപ് പെൺകുട്ടിയുടെ കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഷെജിന് കഴിഞ്ഞില്ലെന്നും പി.മോഹനൻ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഷെജിനെതിരെ നടപടി ഉണ്ടാകില്ലെന്നുകൂടി പി.മോഹനൻ പറഞ്ഞു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം തോമസിന്റെ ലൗ ജിഹാദ് പരാമർശം നാക്കു പിഴയാണെന്ന് വിശദീകരിച്ചാണ് അദ്ദേഹവും പാർട്ടിയും വിവാദം അവസാനിപ്പിച്ചത്.
സി.പി.ഐ എം നയസമീപനത്തില്‍ ജോര്‍ജ് എം തോമസിന് വ്യതിയാനമുണ്ടായെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കിയിരുന്നു. നയവ്യതിയാനം അപ്പോള്‍ത്തന്നെ അറിയിക്കുകയും ജോര്‍ജ് എം തോമസ് തിരുത്തുകയും ചെയ്തു. വിവാദം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ സി.പി.ഐ എം പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമെന്നും യോഗത്തില്‍ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള യു.ഡി.എഫിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വിവാദമെന്ന നിലപാടിലാണ് ജോര്‍ജ് എം തോമസ്.