പത്തനംതിട്ട: പ്രസവ ശസ്ത്രക്രിയ വേണ്ടിവരുന്ന ഗർഭിണികളെ രക്തത്തിനായി കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതായി പരാതി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് സൗജന്യമായി രക്തം ലഭിക്കുമെന്നിരിക്കെയാണ് ഡോക്ടർമാരുടെ ഒത്താശയോടെ രക്തക്കച്ചവടം നടക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മണ്ഡലത്തിലുള്ള കോഴഞ്ചേരി ജില്ല ആശുപത്രിയുമായി ബന്ധപ്പെട്ടാണ് രക്തക്കച്ചവട വിവാദം ഉയർന്നത്. സ്വകാര്യ ആശുപത്രിയിൽ ദാതാവിന്റെ രക്തം ചേരുമോ (ക്രോസ് മാച്ച്) എന്ന് പരിശോധിച്ച് രക്തം ഉറപ്പാക്കാൻ ഗർഭിണികളിൽനിന്ന് 3000 രൂപ വരെ ഈടാക്കുന്നുണ്ട്. ജില്ല ആശുപത്രിയിൽനിന്ന് കഴിഞ്ഞവർഷം 360 ഗർഭിണികളെയാണ് നിർബന്ധിതമായി രക്തത്തിനായി സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടത്.
ഈ വർഷം ഇതുവരെ 140 ഗർഭിണികളിൽ 128 പേരെയും സ്വകാര്യ ആശുപത്രിയിലേക്കയച്ചു. ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടറും സ്വകാര്യ ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്.ഗർഭിണികളിൽ ചിലർ ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടി എടുത്തിട്ടില്ല. ജില്ല ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്നവരിൽ ഏറിയപങ്കും സാധാരണക്കാരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്. ഏറെനാൾ മുമ്പ് അടൂർ ജനറൽ ആശുപത്രിയിലും സമാന പരാതികളുയർന്നിരുന്നു.