അജ്മാന്‍: ബേക്കറിയില്‍ ബ്രഡ് ഉണ്ടാക്കുന്നതിനായി കുഴച്ച മാവില്‍ തുപ്പിയതിന് ബേക്കറി തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അജ്മാൻ മുനിസിപ്പാലിറ്റി അധികൃതരുടെ സഹായത്തോടെയാണ് അജ്മാൻ പോലീസ് ജനറല്‍ കമാന്‍ഡര്‍ ഏഷ്യൻ തൊഴിലാളിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബ്രഡ് കുഴച്ചത് മുതല്‍ അതില്‍ തുപ്പിയെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം തൊഴിലാളിയെ അറസ്റ്റ് ചെയ്തതെന്ന് അൽ ജാർഫ് അൽ-ഷമൽ പോലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ-ഗാഫ്‌ലി പറഞ്ഞു.
വൈകുന്നേരം ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവാണ് തുപ്പുന്നത് ചിത്രീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് അയാള്‍ വീഡിയോ സഹിതം മുനിസിപ്പാലിറ്റിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യേണ്ടനാല്‍ ഇയാളെ മാനസിക പരിശോധനയ്ക്ക് കൊണ്ടുപോയതായി പോലീസ് പറഞ്ഞു.
അതേസമയം ഭക്ഷ്യ ശുചിത്വവും പൊതുജനാരോഗ്യ നിയമങ്ങളും ലംഘിച്ചതിന് മുനിസിപ്പാലിറ്റി അധികൃതര്‍ ബേക്കറി അടപ്പിച്ചു. വ്യക്തികളുടെയോ പൊതുജനങ്ങളുടെയോ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമായ എന്തെങ്കിലും പ്രവൃത്തികൾ കണ്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്ന് ലഫ്റ്റനന്റ് കേണൽ അൽ-ഗാഫ്‌ലി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.