മൂന്നാർ : ചിന്നക്കനാൽ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സി.പി.എം ലോക്കൽ സെക്രട്ടറി വി.എക്സ് ആൽബിന് വ്യാജ പട്ടയത്തിന്മേൽ വായ്പ അനുവദിച്ചെന്ന് കണ്ടെത്തി. തണ്ടപ്പേർ റദ്ദാക്കിയ ഭൂമി ഈടായി സ്വീകരിച്ചാണ് വായ്പ നൽകിയത്. വ്യാജ പട്ടയത്തിന് ആൽബിന് എതിരെ ക്രിമിനൽ കേസെടുത്തിരുന്നു. കേസെടുത്തതിന് ശേഷമാണ് വായ്പ അനുവദിച്ചത്.
10 ലക്ഷം രൂപയോളം ആൽബിന് ഈ സഹകരണ ബാങ്കിൽ വായ്പയുണ്ട് എന്നാണ് വ്യക്തമാകുന്നത്. 2011 ൽ ഈ ബാങ്കിലേക്ക് ഗഹാൻ രജിസ്റ്റർ ചെയ്ത് ഈ ഭൂമി സഹകരണ ബാങ്കിന് രജിസ്റ്റർ ചെയ്ത് കൊടുത്താണ് ഇദ്ദേഹത്തിന് വായ്പ അനുവദിച്ചത്. എന്നാൽ അതിന് മുമ്പ് തന്നെ 2010 ഡിസംബർ 31ന് തന്നെ ആൽബിന് കൈവശം വെച്ചിരുന്ന ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കുകയും വ്യാജ പട്ടയമുണ്ടാക്കിയതിന് ക്രിമിനൽ കേസ് എടുക്കുകയും ചെയ്തിരുന്നു.
ഇതിനെല്ലാം ശേഷമാണ് സഹകരണ ബാങ്ക് ഇദ്ദേഹത്തിന് വായ്പ നൽകിയത്. ബാങ്കിന്റെ സെക്രട്ടറിയാകട്ടെ ആൽബിൻ പാർട്ടി ലോക്കൽ സെക്രട്ടറിയായിരിക്കുന്ന കമ്മിറ്റിയിലെ അംഗവുമാണ് എന്നതാണ് ശ്രദ്ധേയം. ഈടു വെച്ച് വായ്പ എടുത്ത ഭൂമി ഇതിനിടെ ആൽബിൻ ക്രയവിക്രയം ചെയ്യുകയും സിഎസ്ഐ പള്ളിക്ക് 10 സെന്റോളം ഭൂമി എഴുതിക്കൊടുക്കുകയും ചെയ്തു. വ്യാജ പട്ടയത്തിന്മേൽ വായ്പ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്കിന്റെ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു. വി.എസ് നടത്തിയ മൂന്നാർ ദൗത്യകാലത്ത് ഏറ്റവും കൂടുതൽ ആരോപണം നേരിട്ട വ്യക്തികളിൽ ഒരാളായിരുന്നു ആൽബിൻ.