ഹൈദരാബാദ് : സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പിന്നിലിരുന്നയാള്‍ കഴുത്തറുത്തുകൊന്നു. ഹൈദരാബാദിലെ ഫലക്‌നുമയിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ഷാരൂഖ്(24)ആണ് കൊല്ലപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ ഫോണും പരിശോധിച്ചശേഷമാണ് കൊല്ലപ്പെട്ടത് ഷാരൂഖ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും കൃത്യം ചെയ്തയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഫലക്‌നുമ ഇന്‍സ്‌പെക്ടര്‍ ആര്‍.ദേവേന്ദര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഫലക്‌നുമയിലെ ജഹാനുമ മേഖലയിലാണ് കൊലപാതകം നടന്നത്. സ്‌കൂട്ടര്‍ ഓടിച്ച് വന്നിരുന്ന ഷാരൂഖിനെ പിറകിലിരുന്നയാള്‍ കത്തി കൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ മാരകമായി മുറിവേറ്റ ഷാരൂഖ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഏതാനും ദൂരം പിന്നിട്ടശേഷം നിലത്തുവീണ് രക്തം വാര്‍ന്ന് മരിച്ചു. ഷാരൂഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപെടുകയും ചെയ്തു.
17-കാരിക്കൊപ്പം ഒളിച്ചോടിയതിനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുമാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍തന്നെ കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവോ ബന്ധുക്കളോ ആകാമെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.