തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് വിദേശത്തുനിന്നും എത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. പ്രതിദിന വിലയിരുത്തലിന് ശേഷമാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയത്.
പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ആംബുലന്‍സ് അയച്ച് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്. അതേസമയം കേരളത്തില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.