കവരത്തി : കൊറോണ നിയമങ്ങളിൽ ഇളവുരുത്തിയും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയും ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. അതിനിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം പി രാഷ്ട്രപതിയ്ക്ക് കത്ത് നൽകി.
ഡിസംബറിൽ ദ്വീപുകളുടെ അഡ്‌മിനിസ്‌ട്രേറ്ററായി അധികാരമേറ്റത്തിന് പിന്നാലെ പ്രഫുൽ പട്ടേൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് സ്വസ്ഥതയും സമാധാനവും നിലനിന്നിരുന്ന ലക്ഷദ്വീപിൽ വൻ പ്രക്ഷോഭത്തിന് വഴിതുറന്നത്. ഒരു വർഷത്തോളം കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ പുതിയ അഡ്‌മിനിസ്ട്രേറ്റർ വന്നതിന് പിന്നാലെ യാത്രക്കാർക്കുള്ള നിരീക്ഷണവും കൊറോണ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഇതോടെ കൊറോണ വൈറസിന്റെ അതിതീവ്രവ്യാപനമാണ് ലക്ഷദ്വീപിലുണ്ടായത്.
തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ച് നീക്കിയ ലക്ഷദ്വീപ് ഭരണകൂടം സർക്കാർ ഓഫീസുകളിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്‌തു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത, രാത്രി പോലും വാതിൽ തുറന്നിട്ട് ആളുകളുറങ്ങുന്ന ദ്വീപിൽ ഗുണ്ട ആക്‌ടും പുതിയ അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കി. അംഗനവാടികൾ അടച്ചുപൂട്ടിയ അഡ്‌മിനിസ്‌ട്രേറ്റർ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ മദ്യശാലകൾ തുറന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഗോമാംസനിരോധനം ലക്ഷദ്വീപിൽ നടപ്പാക്കാനും ശ്രമമുള്ളതായി ദ്വീപ് നിവാസികൾ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രതിഷേധം വ്യാപിക്കുകയാണ്. പ്രതിരോധ തന്ത്രജ്ഞൻ കൂടിയായിരുന്ന മുൻ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ദിനേശ്വർ ശ്വാസകോശ രോഗത്തെ തുടർന്ന് അപ്രതീക്ഷിതമായി മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ മുൻഗുജറാത്ത് അഭ്യന്തര സഹമന്ത്രിയായ പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി നിയമിതനായത്.