കുവൈത്ത് സിറ്റി / ന്യൂഡൽഹി: ഇന്ത്യയിലെ കുവൈത്ത് എംബസിയുടെ അംഗീകൃത വൈദ്യ പരിശോധനാ കേന്ദ്രങ്ങൾക്ക് കൊറോണ വൈറസ് പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളോ നിയമപരമായ അധികാരങ്ങളോ ഇല്ലെന്ന് അറിയിച്ച് കൊണ്ട് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചു.
ന്യൂ ഡൽഹിയിലെ കുവൈത്ത് എംബസി അധികൃതരിൽ നിന്നും അൽപനേരം മുമ്പ് ലഭിച്ചതാണു ഈ വിവരം. മാർച്ച് 5 മുതൽ ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഇന്ത്യയിലെ കുവൈത്ത് എംബസി അംഗീകൃത വൈദ്യ പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കൊറോണ വൈറസ് വിമുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൊണ്ട് ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനു ശേഷം കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും ഇതേ നിർദ്ദേശം മാർച്ച് 8 മുതൽ പ്രാവർത്തികമാക്കി കൊണ്ടുള്ള അറിയിപ്പും ലഭിച്ചിരുന്നു. ഇതേ തുടർന്ന് കുവൈത്ത് എംബസി വൈദ്യ പരിശോധനക്ക് ചുമതലപ്പെടുത്തിയ ‘ഗാംക’ യുടെ ഉദ്യോഗസ്ഥരുമായി ഇന്ന് ഇക്കാര്യം ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ നിലവിൽ തങ്ങൾക്ക് കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ സൗകര്യങളോ നിയമപരമായ അധികാരങ്ങളോ ഇല്ലെന്ന മറുപടിയാണു ഗാംക അധികൃതരിൽ നിന്നും ലഭിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ട് ഇന്ന് വൈകീട്ട് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തിനും സിവിൽ ഏവിയേഷൻ അധികൃതർക്കും കത്ത് അയച്ചതായും കുവൈത്ത് എംബസി അധികൃതർ പറഞ്ഞു. ഇതിന്റെ മറുപടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്ന തിയ്യതി അവസാനമായി ലഭിച്ച സർക്കുലർ എന്ന നിലയിൽ മാർച്ച് 8 മുതൽ തന്നെ ആയിരിക്കുമെന്നും കുവൈത്ത് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാർച്ച് 8 മുതൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു കൊറോണ വൈറസ് വിമുക്ത സാക്ഷ്യപത്രം നിർബന്ധമാക്കി കൊണ്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിരിറ്റി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇവ അതാത് രാജ്യങ്ങളിലുള്ള കുവൈത്ത് എംബസി അംഗീകൃത വൈദ്യ പരിശോധന കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ലഭ്യമല്ല. ഇതേ തുടർന്നാണു നാട്ടിൽ നിന്നും കുവൈത്തിലേക്ക് വരാനിരിക്കുന്ന ആയിരക്കണക്കിനു പേർ പ്രതിസന്ധിയിലായിരിക്കുന്നത്.
വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നാട്ടിൽ നിന്നും കുവൈത്തിലേക്കുള്ള മടങ്ങി വരവ് തടസ്സം നേരിടുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേ സമയം പുതിയ നിയമത്തിനു കീഴില്‍ വരുന്ന 10 രാജ്യങ്ങളിൽ ഒന്നായ ഫിലിപ്പീൻസ് ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണു. ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്ക് തിരിച്ചു വരുന്ന ഒരൊറ്റ തൊഴിലാളികൾക്ക് പോലും കൊറോണ വൈറസ് വിമുക്ത സർട്ടിഫിക്കറ്റ് അനുവദിക്കാൻ സാധിക്കുകയില്ലെന്ന് ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. വിഷയത്തിൽ കുവൈത്ത് നിലപാട് മാറ്റിയില്ലെങ്കിൽ ഈയിടെ ഇരു രാജ്യങ്ങളും തമ്മിൽ രൂപീകരിച്ച തൊഴിൽ കരാറിൽ നിന്നും പിന്നോട്ട് മാറുവാൻ തങ്ങൾ നിർബന്ധിതമാകുമെന്നും ഫിലിപ്പീൻസ് വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.