കോവിഡ് -19 നുള്ള മരുന്നുകൾ അമേരിക്കക്ക് നൽകിയില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. പരീക്ഷണാത്മക ചികിത്സയുടെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനത്തിൽ വാഷിങ്ടൺ ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (hydroxychloroquine, എച്‌സിക്യു) എന്ന മരുന്ന് കോറോണാ വൈറസിന്റെ (കോവിഡ്–19) ചികിത്സയില്‍ താരപദവിയിലേക്കെത്തിയോ എന്നാണ് ഇപ്പോള്‍ സംശയമുണര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്ന് കോവിഡിനെതിരെ ഉപയോഗിക്കുന്ന കാര്യം പ്രോത്സാഹിപ്പിക്കുന്നു എന്നതു കൂടാതെ ഇന്ത്യയോട് ഈ മരുന്ന കയറ്റുമതി ചെയ്യുന്നതില്‍ മാര്‍ച്ച് 26ന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തകളയണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതോടെയാണ് എച്‌സിക്യു കോവിഡ്-19നെതിരെയുള്ള മാന്ത്രികമരുന്നായി തീരുകയാണോ എന്ന സംശയമുയര്‍ന്നിരിക്കുന്നത്.
ഇതായിരിക്കാം കാത്തിരുന്ന ‘മിറാക്കിള്‍ ഡ്രഗ്’ എന്ന രീതിയില്‍ പലയിടങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നു എന്നതും ശ്രദ്ധേയമാണ്. ബ്രസീലിയന്‍ പ്രസിഡന്റ് അടക്കമുള്ള പല രാജ്യത്തലവന്മാരും മരുന്ന് കയറ്റുമതി പുനരാരംഭിക്കണമെന്ന് ഇന്ത്യന്‍ അധികാരികളോട് അഭ്യര്‍ഥിച്ചരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യാ ഗവണ്‍മെന്റാകട്ടെ പത്തു കോടി എച്‌സിക്യു ടാബ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ ഇപ്കാ (Ipca) ലാബ്രട്ടറീസിനോടും സൈഡസ് കാഡിലയോടും (Zydus Cadila) ആവശ്യപ്പെട്ടതായും വാര്‍ത്തയുണ്ട്.
മലേറിയയ്ക്ക് എതിരെയും അമീബിസൈഡ് ആയും ഉപയോഗിച്ചു വരുന്ന മരുന്നാണ് ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ്. മലേറിയ വരാതിരിക്കാനും വന്നു കഴിഞ്ഞ് ചികിത്സയ്ക്കായും ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് അമേരിക്കന്‍ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നത്. ആമവാതം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മറ്റു ചില രോഗങ്ങളുടെ ചികിത്സയ്ക്കും (systemic and discoid lupus erythematosus, scleroderma, pemphigus, lichen planus, polymyositis, sarcoidosis, and porphyria cutanea tarda) ഇത് ഉപയോഗിച്ചു വരുന്നു. എച്‌സിക്യു ടാബ്‌ലറ്റിന് ഒരു പ്രോഫിലാക്റ്റിക് (രോഗം വരാതിരിക്കാന്‍ നല്‍കുന്ന മരുന്ന്) ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് സർക്കാരുകള്‍ കരുതുന്നത്. ഇത് കൊറോണാ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും മറ്റും നല്‍കാനായേക്കുമെന്നും കരുതുന്നു.
ഈ സമയം വരെ കൊറോണാ വൈറസിനെതിരെ ഇതൊരു മരുന്നാണ് എന്ന കാര്യത്തില്‍ ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ല. അങ്ങനെ ആയിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. അതിനുള്ള മെഡിക്കല്‍ തെളിവുകള്‍ വരും ആഴ്ചകളില്‍ മാത്രമെ ലഭ്യമാകൂ എന്നതാണ് കാരണം. വൈറ്റ് ഹൗസിന്റെ പ്രധാന കൊറോണാ വൈറസ് ഉപദേശകനായ ഡോ. ആന്തണി ഫൗച്ചി പറയുന്നത് ഇത് ഉറപ്പായും നല്ല മരുന്നാണെന്ന് പറയാനാവില്ല എന്നാണ്. എന്നാല്‍ അങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നു എന്നാണ് ഡേറ്റാ സൂചിപ്പിക്കുന്നത് അദ്ദേഹം പറയുന്നു. ചില കേസുകളില്‍ ഈ മരുന്ന് പ്രയോജനപ്പെട്ടതായി തോന്നുന്നു. ചില കേസുകളില്‍ പ്രയോജനപ്പെട്ടിട്ടില്ലെന്നും ഡോ. ഫൗച്ചി അറിയിച്ചു.