കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ വിനോദ സഞ്ചാര നിയന്ത്രണം. കുമളി, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പുതിയ ബുക്കിങ്ങുകൾ പാടില്ല. റിസോർട്ടുകളിലും ഹോം സ്റ്റേകളിലുമുള്ള വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനും ആരോഗ്യവകുപ്പിനും ജില്ലാ കലക്ടർ എച്ച് ദിനേശൻ നിർദ്ദേശം നൽകി.
കൊച്ചി സിറ്റി പരിധിയിൽ റോഡുകളടക്കം പൊതു ഇടങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ കർക്കശ നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണിത്. കേരള പോലീസ് ആക്ട് 102 ഇ വകുപ്പു പ്രകാരം ഒരു വർഷം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
സംസ്ഥാനത്ത് എൻഎസ്എസ് യൂണിയൻ, കരയോഗം തലങ്ങളിൽ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ മാറ്റിവെച്ചു. എൻ എസ് എസ് കോളജുകളിലെ യാത്രയപ്പ് സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, ടൂർ പരിപാടികൾ മാറ്റി. അസി. പ്രോഫസർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി.