ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപകമായ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനം തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് തിരിക്കും. ഡല്‍ഹിയില്‍നിന്നും രാത്രി എട്ടിനാണ് വിമാനം തിരിക്കുന്നത്.
ശാസ്ത്രജ്ഞരേയും മൊബൈല്‍ ലബോര്ട്ടറികളും കേന്ദ്രസര്‍ക്കാര്‍ ഇറാനിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കസ്റ്റംസ് അനുമതിക്കായി ശാസ്ത്രജ്ഞര്‍ കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു. ഇറാനില്‍നിന്ന് 108 പേരെയാണ് നാട്ടിലെത്തിക്കുന്നത്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് തിരികെ എത്തിക്കാന്‍ നടപടി ആരംഭിച്ചത്. ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.