തൃശ്ശൂർ: കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസുകളിൽ പരിശോധന തുടങ്ങി. സംസ്ഥാന ആരോഗ്യ വകുപ്പും മോട്ടോർവാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് അടക്കം സജ്ജീകരിച്ചായിരുന്നു പരിശോധന.
രാത്രി പന്ത്രണ്ട് മണി മുതൽ തൃശ്ശൂർ മണ്ണുത്തി ബൈപാസിൽ ബാംഗ്ലൂരിൽ നിന്ന് വരുന്ന അന്തർ സംസ്ഥാന ബസുകളിലെ യാത്രക്കാരെ കൊറോണ വൈറസ് പരിശോധന നടത്തി. 30 ബസുകളും 768 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി. വെള്ളിയാഴ്ച ആണ് ഏറ്റവും അധികം ബാംഗ്ലൂർ യാത്രക്കാർ ഉണ്ടാകുന്നത്. ദമാമിൽ നിന്ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇറങ്ങി ബസ് മാർഗം തൃശ്ശൂരിൽ എത്തിയ ഒരാളെ പരിശോധനയിൽ കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.