ന്യുഡല്‍ഹി : ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച ജനത കർഫ്യു ആയിരിക്കുമെന്നും രാവിലെ 7 മുതൽ രാത്രി 9 വരെ ആരും പുറത്തിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാ കർഫ്യൂ പൗരൻമാർ സ്വയം പ്രഖ്യാപിക്കണം. അടുത്ത രണ്ട് ദിവസം ഈ സന്ദേശം ഫോണിലൂടെ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജനങ്ങൾക്കുവേണ്ടി ജനങ്ങൾ ഏർപ്പെടുത്തുന്ന ഈ കർഫ്യൂ നടപ്പാക്കണം . നമ്മുടെ സുരക്ഷയ്ക്കായി അധ്വാനിക്കുന്നവരുടെ ഞായറാഴ്ച നന്ദി പറയണം. വൈകിട്ട് അഞ്ചിന് വീടിന് മുന്നിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണം . 5 മിനിറ്റ് പ്ലേറ്റുകൾ കൂട്ടിയിടിച്ചോ കൈയ്യടിച്ചോ അഭിനന്ദനമറിയിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഒരുമാസം ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയകൾ ഒഴിവാക്കണം. 130 കോടി ജനങ്ങൾ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണം. കൊവിഡ് 19ന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
അവശ്യസാധനങ്ങൾ വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പാക്കും. രോഗം വരില്ലെന്നും പരത്തില്ലെന്നും പ്രതിജ്ഞയെടുക്കണം. അടുത്ത ആഴ്ച അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. രോഗം ഉള്ളവരുടെ എണ്ണം ലോകമാകെ അതിവേഗം വർധിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.