കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. 15,740 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുളളത്. ദുബായില്‍ നിന്നുള്ള 1491 പേരുള്‍പ്പടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 5308 പേരും ഗൃഹ നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു.
549 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസല്‍ട്ട് വന്നതില്‍ ജില്ലയില്‍ എല്ലാം നെഗറ്റീവ് ആണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എട്ടു പേര്‍ നിരീക്ഷണത്തിലുണ്ട്. അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വൈറസ് വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ലി വ്യക്തമാക്കി.
അതേസമയം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ജില്ലയില്‍ ഇന്നലെ മാത്രം 412 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് പരിധിയില്‍ 212 ഉം റൂറല്‍ പരിധിയില്‍ 200 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 339 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.