കൊല്ലം: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൊല്ലത്ത് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിച്ച് വിവാഹത്തിനെത്തിയ ആള്‍ക്കൂട്ടത്തെ തടഞ്ഞ കൊല്ലം നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റശ്രമം. കൈയേറ്റം നടത്തിയ അഭിഭാഷകനെതിരെ കോര്‍പറേഷന്‍ സെക്രട്ടറി പോലീസില്‍ പരാതിയും നല്‍കി. വിവാഹം നടത്തിയ ടൗണ്‍ ഹാള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടി.
വര്‍ക്കലയില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തടക്കം സന്ദര്‍ശനം നടത്തിയിരുന്നു. അതിനാല്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതുമറികടന്ന് 1500 പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.
അതിന്റെ അടിസ്ഥാനത്തിലാണ് വിവാഹവേദിയിലേക്ക് നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തി വിവാഹചടങ്ങുകളില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ നഗരസഭാ സെക്രട്ടറിയോട് വളരെ വൈകാരികമായിട്ടാണ് വീട്ടുകാര്‍ പ്രതികരിച്ചത്. ഇവര്‍ സെക്രട്ടറിയെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്.