പട്‌ന: ആഗോളതലത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ഇന്ത്യയേയും കീഴടക്കുന്ന ഈ സമയത്ത് ശാസ്ത്രീയ വശങ്ങള്‍ മാറ്റിവെച്ച് ഭക്തര്‍. കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ സ്ത്രീകള്‍ നടത്തിയ ഔഷധ യാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ പട്‌നയിലാണ് യാഗം നടത്തിയത്. ‘സാമൂഹിക് ഹാവന്‍’ എന്ന യാഗത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കാളികളായത്. പുരുഷന്മാരും പുരോഹിതരും യാഗത്തില്‍ പങ്കെടുത്തു.
ഔഷധ യാഗത്തിലൂടെ കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ഗായത്രി പരിവാര്‍ നവ് ചേതന വിസ്താര്‍ കേന്ദ്ര മഹിള മണ്ഡല്‍ ഭാരവാഹി സരിത പ്രസാദ് പറഞ്ഞു. 60 തരം ഔഷധങ്ങളാണ് ഈ യാഗത്തിനായി അവര്‍ തെരഞ്ഞെടുത്തിരുന്നത്. മന്ത്രോച്ചാരണത്തിലൂടെ ഈ ഔഷധങ്ങള്‍ അഗ്നിയില്‍ ഹോമിച്ചു.
സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന യാഗത്തില്‍ മുന്‍ മന്ത്രി മിതിലേഷ് സിംഗ്, ദേവി ദയാല്‍ പ്രസാദ് എന്നിവരും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നിരവധിയാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്. ഗോമൂത്രം കുടിച്ചാല്‍ വൈറസ് വരില്ലെന്ന് പറഞ്ഞ് ഹിന്ദു മഹാസഭ രംഗത്ത് വന്നിരുന്നു.